പരസ്പര പ്രോത്സാഹനം
ചികിത്സാസംബന്ധമായ കൂടുതൽ തിരിച്ചടികളുടെ ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ ഞാൻ സോഫയിലേക്കു തളർന്നു വീണു. എനിക്ക് ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ തോന്നിയില്ല. എനിക്ക് ആരോടും സംസാരിക്കാൻ തോന്നിയില്ല. എനിക്കു പ്രാർത്ഥിക്കാൻ പോലും കഴിഞ്ഞില്ല. ടെലിവിഷൻ ഓൺ ചെയ്യുമ്പോൾ നിരുത്സാഹവും സംശയവും എന്നെ തളർത്തിയിരുന്നു. ഒരു ചെറിയ പെൺകുട്ടി അവളുടെ ഇളയ സഹോദരനോട് സംസാരിക്കുന്നത് കാണിക്കുന്ന ഒരു പരസ്യം ഞാൻ കാണാൻ തുടങ്ങി. “നീ ഒരു ചാമ്പ്യനാണ്,’’ അവൾ പറഞ്ഞു. അവൾ അവനെ ഉറപ്പിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ ചിരി വർദ്ധിച്ചു. എന്റെ ചിരിയും.
ദൈവജനം എക്കാലത്തും നിരുത്സാഹത്തോടും സംശയത്തോടും പോരാടിയിട്ടുണ്ട്. ദൈവത്തിന്റെ ശബ്ദം പരിശുദ്ധാത്മാവിലൂടെ കേൾക്കാൻ കഴിയുമെന്ന് ഉറപ്പിക്കുന്ന സങ്കീർത്തനം 95 ഉദ്ധരിച്ചുകൊണ്ട്, മരുഭൂമിയിൽ അലഞ്ഞുതിരിയുമ്പോൾ യിസ്രായേല്യർ വരുത്തിയ തെറ്റുകൾ ഒഴിവാക്കാൻ എബ്രായലേഖന എഴുത്തുകാരൻ യേശുവിൽ വിശ്വസിക്കുന്നവർക്ക് മുന്നറിയിപ്പു നൽകി (എബ്രായർ 3:7-11). “സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ,’’ അവൻ എഴുതി. പകരം, “നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ’’ (വാ. 12-13).
ക്രിസ്തുവിൽ ഉറപ്പിച്ചിരിക്കുന്ന പ്രത്യാശയുടെ രക്ഷാച്ചരട് ഉപയോഗിച്ച്, നമുക്ക് സ്ഥിരതയോടെ മുന്നോട്ടു പോകാനാവശ്യമായ ശക്തിക്ക് വേണ്ട ഇന്ധനം ലഭ്യമാക്കാൻ കഴിയും - അതായത് വിശ്വാസികളുടെ കൂട്ടായ്മയിലൂടെ ലഭിക്കുന്ന പരസ്പര പ്രോത്സാഹനം (വാ. 13). ഒരു വിശ്വാസി സംശയിക്കുമ്പോൾ, മറ്റ് വിശ്വാസികൾക്ക് സ്ഥിരീകരണവും കാര്യവിചാരകത്വവും വാഗ്ദാനം ചെയ്യാൻ കഴിയും. ദൈവം തന്റെ ജനമായ നമ്മെ ശക്തീകരിക്കുമ്പോൾ, നമുക്ക് പരസ്പരം പ്രോത്സാഹനത്തിന്റെ ശക്തി നൽകാൻ കഴിയും.